പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെ കേസെടുത്തു. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
കളമശേരി സ്‌ഫോടനത്തിന് പിന്നാലെ മദനിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് ലസിത പോസ്റ്റിട്ടിരുന്നു. കേരള പൊലീസ് ആക്ട് 120 ഒ, ഐപിസി 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അതേസമയം കളമശേരി സ്ഫോടനത്തിൽ നാലുപേരാണ് മരിച്ചത്. രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി.