മദ്യനയ അഴിമതിക്കേസിൽ പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നല്‍കുമെന്നും ഭാര്യ സുനിതയ്ക്ക് നൽകിയ സന്ദേശത്തിലൂടെ കെജ്രിവാള്‍ വ്യക്തമാക്കി.
ഇഡി പറയുന്ന അഴിമതി കഥയുടെ സത്യം നാളെ വിചാരണക്കോടതിയിൽ വെളിപ്പെടുത്തും, പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് കെജ്രിവാള്‍ ഭാര്യ സുനിതക്ക് നൽകിയ സന്ദേശം. കെജ്രിവാളിന്‍റെ അഭാവത്തില്‍ ഡൽഹിയുടെ ചുമതല സുനിത ഏറ്റെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് വാര്‍ത്താസമ്മേളനം നടന്നിരിക്കുന്നത്.
വിചാരണക്കോടതിയിൽ നാളെ കെജ്രിവാളിനെ ഹാജരാക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 250 റെയ്ഡുകള്‍ ഇഡി നടത്തി, ഇതുവരെ ഒരു രൂപ കണ്ടെത്താനായിരുന്നില്ല.
അതേസമയം കെജ്രിവാളിന്‍റെ ആരോഗ്യനില അത്ര സുഖകരമല്ല ഷുഗറുണ്ട് എന്നും സുനിത കെജ്രിവാള്‍ അറിയിച്ചു. തന്‍റെ ശരീരം മാത്രമാണ് തടവിലായിരിക്കുന്നത്, ആത്മാവ് ഇപ്പോഴും എല്ലാവര്‍ക്കുമൊപ്പമാണ്, കണ്ണടച്ചാല്‍ മതി തന്നെ തൊട്ടരികില്‍ അനുഭവിക്കാമെന്ന കെജ്രിവാളിന്‍റെ വൈകാരികമായ വരികളും സുനിത വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു.