മദ്യപിച്ച് എത്തുന്നതല്ല ‘നൈറ്റ് ലൈഫ്’ ;മാനവീയം വീഥിയിൽ രാത്രി ആഘോഷങ്ങൾക്ക് നിയന്ത്രണം

മാനവീയം വീഥിയിൽ രാത്രി ആഘോഷങ്ങൾക്ക് നിയന്ത്രണം. തുടര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ്‌ലൈഫില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

സ്റ്റേജ് പരിപാടികള്‍ക്കും ഉച്ചഭാഷിണികള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ ശുപാര്‍ശ. അസിസ്റ്റന്റ് കമ്മീഷണറാണ് ശുപാര്‍ശ നല്‍കിയത്. മദ്യപിച്ച് എത്തുന്നതല്ല ‘നൈറ്റ് ലൈഫ്’. രാത്രി 10 മണിക്ക് ശേഷം മൈക്കും ആഘോഷവും വേണ്ടെന്ന് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.

ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി 10 മണി വരെ മാത്രമേ ഉപയാഗിക്കാന്‍ പാടുള്ളൂ. 12 മണി കഴിഞ്ഞാല്‍ ആളുകള്‍ മാനവീയം വീഥി വിട്ടു പോകണമെന്നുമാണ് പൊലീസിന്റെ നിര്‍ദേശം. ഇതോടൊപ്പം ഇവിടെ പൊലീസ് സാന്നിധ്യം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസിന് നേര്‍ക്ക് കല്ലേറുമുണ്ടായി. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ നൈറ്റ്‌ലൈഫ് തുടരുന്നതിനുള്ള സംവിധാനങ്ങള്‍ പൊലീസ് ആലോചിക്കുന്നത്. മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് സമയപരിധിയും രജിസ്‌ട്രേഷനും അടക്കമുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് മ്യൂസിയം പൊലീസ് നേരത്തെ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp