മധു വധക്കേസ് : ഒന്നാം പ്രതി ഹുസൈനിന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും

അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്നാം പ്രതി ഹുസൈനിന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റവിമുക്തരാക്കിയ നാലാം പ്രതിയും 11-ാം പ്രതിയും ഒഴികെയുള്ള രണ്ട് മുതൽ 15 വരെയുള്ള പ്രതികൾക്ക് 7 വർഷം കഠിന തടവും 1,18,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ തടവ് കാലം കൂടും.

കൂറുമാറ്റത്തിന്റെ തുടർക്കഥയാണ് മധു വധക്കേസ് സാക്ഷ്യം വഹിച്ചത്. നൂറിലേറെ സാക്ഷികളുണ്ടായിരുന്ന കേസിൽ 24 പ്രധാന സാക്ഷികളാണ് വിചാരണാ ഘട്ടത്തിൽ കൂറുമാറിയത്. തുടർന്ന് കേസ് നിലനിൽക്കുമോ എന്ന് പോലും പ്രോസിക്യൂഷൻ ആശങ്കപ്പെട്ടിരുന്നു.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കെതിരായ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം തെളിഞ്ഞതായി ജഡ്ജി കെ.എം രതീഷ് കുമാർ വിധി പ്രസ്താവത്തിൽ പറഞ്ഞു.

പ്രതികളിൽ 13 പേർക്കെതിരെ അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ, പട്ടിക വർഗ അതിക്രമം എന്നീ കുറ്റങ്ങളും തെളിഞ്ഞു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ അക്രമത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ട് വെറുതെവിട്ടു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp