മനുഭാക്കറിന് ഖേല്‍ രത്‌ന നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര കായിക മന്ത്രി ഇടപ്പെട്ടു; നാളെ തീരുമാനം

2024-ലെ പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയ 22-കാരി മനു ഭാക്കറിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രശ്‌നത്തില്‍ ഇടപ്പെട്ടു. പന്ത്രണ്ടംഗ കമ്മിറ്റി വെച്ച ശിപാര്‍ശയുടെ വിശദാംശങ്ങള്‍ തേടിയ മന്ത്രി ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് സിങ്, പാരാലിമ്പിക്‌സില്‍ ഹൈജംപില്‍ സ്വര്‍ണം നേടിയ പ്രവീണ്‍കുമാര്‍ എന്നിവര്‍ക്ക് ഖേല്‍ രത്‌ന ലഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്ത വന്നതോടെയാണ് വിവാദം തുടങ്ങിയത്.പാരീസില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലും പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലും മെഡല്‍ നേടി ഏറ്റവും പ്രായം കുറഞ്ഞ താരത്തെ പുരസ്‌കാര പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ഇന്നലെ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. മാത്രമല്ല താരത്തിന്റെ പിതാവ് രാം ഭാക്കര്‍ അടക്കമുള്ള കുടുംബാംഗങ്ങളും വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കായിക മന്ത്രിയുടെ ഇടപെടല്‍. നിരവധി കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നത് കണക്കിലെടുത്ത് മനുഭാക്കര്‍ക്ക് കൂടി ഖേല്‍ രത്‌ന നല്‍കാന്‍ കഴിയുമോ എന്ന കാര്യം കേന്ദ്ര കായിക മന്ത്രാലയം പരിശോധിക്കുകയാണ്. പന്ത്രണ്ടംഗ കമ്മിറ്റി ശുപാര്‍ശ നല്‍കിയാലും ഇതിനെ മറികടന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ കായിക മന്ത്രിക്ക് കഴിയും. അതിനാല്‍ മനുഭാക്കറിന്റെ കാര്യത്തില്‍ കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങള്‍ അടങ്ങിയ ഫയല്‍ മന്ത്രി തേടിയിട്ടുണ്ട്. മന്ത്രി യാത്രയിലായതിനാല്‍ തന്നെ നാളെയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിരിക്കുക.

അതേ സമയം പുരസ്‌കാരത്തിന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കേണ്ട അപേക്ഷ മനുഭാക്കര്‍ നല്‍കിയിരുന്നില്ലെന്ന വിശദീകരണമാണ് കേന്ദ്ര കായിക മന്ത്രാലയം നല്‍കുന്നത്. എന്നാല്‍ അപേക്ഷ നല്‍കിയിരുന്നതായി കുടുംബം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഹരിയാനയിലെ രാഷ്ട്രീയപാര്‍ട്ടികളും പുരസ്‌കാരപട്ടികയില്‍ നിന്ന് താരത്തിന്റെ പേര് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp