കാവനൂർ: വടക്കുമലയിൽ യുവാവിനെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവനൂർ സ്വദേശി മുജീബ് റഹ്മാൻ (43) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മുജീബ് റഹ്മാനെ ബുധനാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച വൈകുന്നേരം വടക്കുമലയിലെ കിണറിൽ യുവാവിനെ തുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ നാട്ടുകാർ മഞ്ചേരി അഗ്നിരക്ഷാ നിലയത്തിലും അരീക്കോട് പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി ഇവിടെ നിന്ന് പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം മരണപ്പെട്ട മുജീബ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു.
മഞ്ചേരി അഗ്നി രക്ഷ നിലയത്തിലെ എഎസ്ടിഒ പ്രദീപ് പാമ്പലത്ത് നേതൃത്വത്തിൽ, ജിആർ എഎസ്ടിഒ ജോയ് എബ്രഹാം, എസ്എഫ്ആർഒ ശ്രീകുമാർ, ഷൈജു, ഷമീം, ഫിറോസ്, രമേശ്, സഞ്ജു, അരുൺ ലാൽ, ബിനീഷ്, സുബ്രഹ്മണ്യൻ, പി.കെ ജംഷീർ, ഹുസ്നി മുബാറക്, സൈനുൽ ആബിദ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഭാര്യ: മൈമൂന. മക്കൾ: നിഹ്മ ഷെറിൻ, മുഹമ്മദ് നാദിഷ്, മുഹമ്മദ് നാദിൽ.