മലപ്പുറം താനൂരിൽ ബോട്ട് മറിഞ്ഞു 18 മരണം; മരിച്ചവരിൽ സ്ത്രീകളും കുട്ടികളും

മലപ്പുറം താനൂർ തൂവൽ തീരത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് വിവരം. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാൾ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റാണ് നിലവിൽ സ്ഥലത്തുള്ളതെന്നും കൂടുതൽ ആളുകളെ ആവശ്യമെങ്കിൽ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി.

ഇതുവരെ 10 പേരെയാണ് രക്ഷപ്പെടുത്താനായത്. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

താനൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പേരെ കയറ്റിയെന്ന് പ്രദേശവാസി വെളിപ്പെടുത്തിയിരുന്നു. ഇരുപതോളം പേരെ മാത്രം കയറ്റാവുന്ന ബോട്ടിലാണ് നാല്പത് പേരെ കയറ്റിയത്. രാത്രി നേരമായിട്ടും സഞ്ചാരികള്‍ പലര്‍ക്കും ലൈഫ് ജാക്കറ്റ് ഇല്ലായിരുന്നുവെന്നും പ്രദേശവാസി പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp