പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സസ്പെൻഷനിലായ മലപ്പുറം മുൻ എസ്.പി എസ്. സുജിത് ദാസ് പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി.അതേസമയം, സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോൾ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. 2022ലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം പരാതി നൽകിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാൽ, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവർ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു. വ്യാജ പരാതിയാണെന്നു പോലീസ് വിശദീകരണം. ആരോപണവിധേയരായ ഉദ്യോഗസ്ഥരോട് നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചെന്നാണ് വിവരം.