മലപ്പുറത്ത് അഞ്ചാം പനി പടരുന്നു; രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ കൂടുതൽ ഉള്ള കുട്ടികൾക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്.

പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗം ഉള്ളവർ മാസ്‌ക് ധരിക്കണമെന്നും വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

മിക്‌സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp