മലപ്പുറം മഞ്ചേരിയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അരീക്കോട് സ്വദേശികളായ ബിൻഷാദ്, സജിൽ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മെയ് 30 ന് കൊളപ്പപറമ്പിൽ 14 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഹനീഫ എന്ന പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. അന്ന് രക്ഷപ്പെട്ട രണ്ട് പേർ ആണ് ഇപ്പോൾ പിടിയിലായ നാലകത്ത് ബിൻഷാദ്, ചാലിൽ തൊടി സജിൽ എന്നിവർ.
നിലമ്പൂരിൽ നിന്ന് കാറിൽ വരികയായിരുന്ന ഇവരെ പാണ്ടിക്കാട് വെച്ചാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാനികൾ ആണ് ഇവർ എന്ന് പൊലീസ്. ഇവരെ ചോദ്യം ചെയ്തതോടെ ലഹരി സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.