മലയാളികളുടെ പ്രിയപ്പെട്ട നടൻ തിലകന്റെ ഓർമകൾക്ക് പത്ത് വയസ്. അസാധാരണമായ പ്രതിഭാവിലാസവും അഭിനയത്തിലെ വൈവിധ്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തിലകൻ. ( thilakan profile )
ശബ്ദത്തിലെ ഗാംഭീര്യവും ശരീരഭാഷയും…കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുംപോലെ. അടിമുടി അഭിനയത്തിലലിഞ്ഞുനിന്നു തിലകൻ. അഭിനയത്തിലെ പൂർണതയായിരുന്നു തിലകൻ. അക്ഷരാർത്ഥത്തിൽ ലോകനിലവാരത്തിലുള്ള നടൻ. വിശേഷണങ്ങൾക്ക് അപ്പുറത്തായിരുന്നു ആ അഭിനയവൈവിധ്യം.
ഏത് വേഷവും തിലകന് അനായാസം വഴങ്ങി. വില്ലൻ വേഷവും ഹാസ്യവേഷവും ഒരേസമയം തിലകൻ തകർത്താടി. മോഹൻലാലിനൊപ്പം തിലകൻ അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. നാടകത്തിൽ തുടങ്ങി സിനിമയിൽ എത്തിയ തിലകൻറെ നടനവൈഭവത്തിന് മലയാളികൾ പലതവണ സാക്ഷികളായി.
നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, കർക്കശക്കാരനായ തിലകൻ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നു. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും അഭിനയത്തിന്റെ തിലകൻ ശൈലി മലയാളികൾ കണ്ടു.