മഴക്കെടുതിയിൽ വലഞ്ഞ് ആന്ധ്രയും തെലങ്കാനയും; കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി. സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി – കോർബ എക്സ്പ്രസ്, സെപ്റ്റംബ‍ർ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ – എറണാകുളം എക്സ്പ്രസ്, സെപ്റ്റംബ‍ർ നാലാം തീയ്യതി രാവിലെ 8.30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22816 എറണാകുളം – ബിലാസ്പൂർ എക്സ്പ്രസ് എന്നിവ റദ്ദാക്കിയതായാണ് റെയിൽവെയുടെ പുതിയ അറിയിപ്പിൽ വിശദീകരിക്കുന്നത്.

നേരത്തെ റെയിൽ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ തിരുവനന്തപുരം ഡിവിഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

ആന്ധ്രയിലും തെലുങ്കാനയിലുമായ 24 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. തെലങ്കാനയിൽ 9 മരണങ്ങളും ആന്ധ്രയിൽ 15 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റെയിൽ – റോഡ് ഗതാഗതം പലയിടങ്ങളിലും താറുമാറായിട്ടുണ്ട്. മഴ മുന്നറിയിപ്പ് തുടരുകയാണ്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികളിൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നൽകണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp