‘മഴയിൽ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം’: വി ഡി സതീശന്‍

തിരുവനന്തപുരം: ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമാണെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി. രണ്ട് ദിവസം മഴ പെയ്തപ്പോൾ തലസ്ഥാനമുൾപ്പെടെ വെള്ളക്കെട്ടിലായി . ഓട വൃത്തിയാക്കിയിട്ടില്ല. ഒരു പണിയും നടന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തു. എന്നിട്ടും അനങ്ങിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവിലും വി ഡി സതീശൻ പ്രതികരിച്ചു. മരണ സംഖ്യ കൂടുന്നു. ആരോഗ്യവകുപ്പ് എന്ത് ചെയ്യുന്നു. ആരോഗ്യ വകുപ്പ് നിസ്സംഗരായി നിൽക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. നഴ്സിങ് കോളേജ് അഡ്മിഷൻ താറുമാറായി. ഒരു പണിയും ചെയ്യാതിരിക്കുക എന്നതാണ് സർക്കാരിൻറെ മുഖ്യപണിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എന്ത് സംഭവം നടന്നാലും ആരോഗ്യ മന്ത്രി റിപ്പോർട്ട് ചോദിക്കും. തേടിയ റിപ്പോർട്ട് വച്ച് മാത്രം ഒരു ബുക്ക് ഇറക്കണം. ഒരു നടപടിയും എടുക്കാറില്ല. ഹർഷിനയ്ക്ക് നഷ്ടപരിഹാരം കൊടുക്കാത്തത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ വാശിയാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഗുണ്ടകളുടെ കൈപ്പിടിയിലാണ് കേരളം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒരു പങ്കുമില്ല. ഏത് സമയത്തും ആരും കൊല്ലപ്പെടാം. ആരുടെ വീടും അടിച്ചു തകർക്കാം. കെടുകാര്യസ്ഥതയാണ് മുഖമുദ്രയെന്നും വി ഡി സതീശൻ പറഞ്ഞു.

പന്തീരാങ്കാവ് ​ഗാ​ർഹിക പീഡന കേസിൽ പൊലീസാണ് പ്രതികൾക്ക് ഒത്താശ ചെയ്തത്. സ്ത്രീകൾക്ക് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത അവസ്ഥയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. വാർഡ് വിഭജനത്തിൽ പ്രതിപക്ഷവുമായി ഒരു കൂടിയാലോചനയും നടന്നില്ല. കൃത്രിമം കാണിക്കാൻ അവസരം കൊടുക്കില്ല. കൃത്യമായ മാനദണ്ഡങ്ങൾ വേണം. അല്ലെങ്കിൽ നിയമപരമായി നേരിടുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp