മഹാരാജാസ് കോളജിലെ വിദ്യാർത്ഥി സംഘർഷം; അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കും. വിദ്യാർത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. പ്രിന്‍സിപ്പല്‍ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളജ് അടച്ചത്. സംഘര്‍ഷത്തില്‍എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഒരു കെഎസ്‌യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. ആകെ 19 പ്രതികളാണ് കേസില്‍ ഉള്ളത്. കോളജില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

മഹാരാജാസ് കോളജില്‍ ഒരു വിദ്യാർത്ഥി കുത്തേറ്റതുള്‍പ്പെടെ, വിദ്യാർത്ഥികള്‍ക്കും അധ്യാപകനും നേര്‍ക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ കോളജില്‍ ഇത്തരം സംഘര്‍ഷസാഹചര്യം ഉരുത്തിരിയാന്‍ ഇടവരുന്നത് ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞിരുന്നു.

തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച വിദ്യാര്‍ത്ഥി സര്‍വ്വകക്ഷി യോഗവും ചേര്‍ന്ന ശേഷം എത്രയും പെട്ടെന്ന് കോളജ് തുറന്നു പ്രവര്‍ത്തിപ്പിക്കും. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp