കൊച്ചി: കടവന്ത്രക്കടുത്തെ എളംകുളത്ത് യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദൂരൂഹത. ഗിരിനഗറിലെ വാടക വീട്ടിലാണ് നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ വ്യാജ വിലാസവും തെറ്റായ രേഖകളും നൽകിയാണ് വീട് വാടകയ്ക്ക് എടുത്തതെന്ന് കണ്ടെത്തി. യുവതിയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
യുവതിയും യുവാവും മഹാരാഷ്ട്ര സ്വദേശികളായിരുന്നുവെന്നാണ് നാട്ടുകാരടക്കം അറിയിച്ചിരുന്നത്. എന്നാൽ ഇവർ നേപ്പാളിൽ നിന്നുള്ളവരാണെന്നാണ് പോലീസിൻ്റെ സംശയം. ലക്ഷ്മി, റാം ബഹദൂർ എന്നീ പേരുകളിലാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്. ഒന്നരവർഷമായി ഗിരിനഗറിലെ വാടകവീട്ടിൽ താമസിച്ചുവന്ന ഇവർ ദമ്പതിമാരാണെന്നാണ് നാട്ടുകാരോട് അടക്കം പറഞ്ഞിരുന്നത്. ഇരുവരും തമ്മിൽ വഴക്കിടന്നതു പതിവായതോടെ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് അഞ്ചുദിവസം മുമ്പ് യുവതിയെയും യുവാവിനെയും കാണാതായത്. നാട്ടിൽ പോയതാണെന്നു കരുതി വീട്ടുടമ കൂടുതൽ അന്വേഷിക്കാനും മുതിർന്നിരുന്നില്ല.
ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്. വീടിനുള്ളിൽ ഈച്ചയുണ്ടായിരുന്നുവെന്നും ആദ്യം ഇറച്ചി പഴകിയതാണെന്നാണ് കരുതിയതെന്നും നാട്ടുകാരൻ പറഞ്ഞിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിയുകയായിരുന്നുവെന്നും മൃതദേഹത്തിനു നാലു ദിവസത്തോളം പഴക്കമുണ്ടെന്നും പോലീസ് അറിയിച്ചു. എളംകുളത്തെ സംഭവത്തോടെ രണ്ടു മാസത്തിനിടെ കൊച്ചിയിൽ നടന്ന കൊലപാതകങ്ങളുടെ എണ്ണം എട്ടായി.