കൊല്ലം : സംസ്ഥാനത്ത് നിന്ന് ടാങ്കർ ലോറികളിലും കണ്ടെയ്നറുകളിലും ഉൾപ്പടെ മാലിന്യം കൊണ്ടു പോയി തള്ളുന്നത് നിരീക്ഷിക്കാൻ ഒരുങ്ങി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിൽ എറണാകുളം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ ജിപിഎസ് സംവിധാനത്തിലേക്ക് പൂർണമായും മാറണമെന്ന് ബോർഡ് അറിയിച്ചു. അല്ലാത്ത തരം വാഹനങ്ങൾക്ക് അനുമതി നൽകില്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്. ശ്രീകല അറിയിച്ചു. എറണാകുളം ജില്ലയിൽ നടപ്പാക്കിയ പദ്ധതി ഈ മാസം തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. അനിയത്രിതമായി മാലിന്യങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ തള്ളുന്നതായി നേരത്തെ പരാതികൾ ലഭിച്ചിട്ടുണ്ട്.
ദേശീയ ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് മലിനീകരണ ബോർഡിന്റെ നടപടി. നേരത്തെ കേരളത്തിൽ നിന്നുളള മാലിന്യം തമിഴ്നാട്ടിലും കർണാടകയിലും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തള്ളിയതായി പരാതി ഉയർന്നിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി.) അന്വേഷണത്തിൽ ഇത് തെളിയുകയും ചെയ്തു. മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ ജിപിഎസ് ഘടിപ്പിക്കുന്നതോടെ ഒരുപരിധിവരെ പ്രശ്നപരിഹാരം കാണാൻ സാധിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പ്രതീക്ഷിക്കുന്നു.