മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. കാരണം വ്യക്തമാക്കാതെയാണ് ഹര്‍ജി പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. യുഎപിഎ ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. കേസ് സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിയ്ക്കാനിരിക്കെ ആണ് നടപടി.
യുഎപിഎ വിഷയത്തില്‍ കേന്ദ്ര സി.പി.എം നേതത്വത്തിന്റെ കണ്ണുരുട്ടലിന് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ വഴങ്ങുകയാണ്. രൂപേഷിന് എതിരെ യു.എ.പി.എ റദ്ദാക്കാനുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്തായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.
മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരെ ചുമത്തിയിരുന്ന യു.എ.പി.എ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് യുഎപിഎ കേസുകളിലായിരുന്നു നടപടി. സെക്ഷന്‍ 3,4 ഉം ആയ് ബന്ധപ്പെട്ട വ്യവസ്ഥകള്‍ സംസ്ഥാനം പാലിയ്ക്കാതെ ആണ് യു.എ.പി.എ ചുമത്തിയത്.