മികച്ചവയൊന്നും വന്നില്ല: ഇത്തവണ ‘മികച്ച കുട്ടികളുടെ ചിത്രത്തിന്’ അവാര്‍ഡില്ല

തിരുവനന്തപുരം: 2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പരിഗണനയ്ക്കായി ഇത്തവണ സമർപ്പിക്കപ്പെട്ടത് 160 ചിത്രങ്ങളാണ്. ചലച്ചിത്ര അവാർഡിന്‍റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വന്നത് ഇത്തവണയാണ്. ഇതിൽനിന്നും പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകൾ കാണുകയും 35 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ നാലു ചിത്രങ്ങളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. ഇവയിൽ ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാൽ ഫീച്ചർ ഫിലിമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജൂറി വിലയിരുത്തി.  മറ്റു മൂന്നു ചിത്രങ്ങളും അവാർഡിന് പരിഗണിക്കാൻ തക്കനിലവാരമുള്ളവയായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. ഇതോടെ ഈ വിഭാഗത്തില്‍ പുരസ്കാരം പ്രഖ്യാപിച്ചിട്ടില്ല. 

 പ്രാഥമിക ജൂറി തെരഞ്ഞെടുക്കാത്ത മൂന്നു ചിത്രങ്ങൾ അന്തിമ ജൂറി തിരിച്ചുവിളിച്ചു കാണുകയും ചെയ്തിരുന്നു ഇത്തവണ. അങ്ങനെ ആകെ 38 സിനിമകളാണ് അന്തിമജൂറി അവാർഡ് നിർണയത്തിനായി സസൂക്ഷ്മം വിലയിരുത്തിയത്. അന്തിമപട്ടികയിലെ 38 ചിത്രങ്ങളിൽ 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതായി രുന്നുവെന്നത് മലയാളസിനിമയുടെ ഭാവിയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണെന്നാണ് ജൂറി വിലയിരുത്തിയത്.

പുരസ്കാരങ്ങൾ ലഭിച്ച മലയാള ചിത്രങ്ങൾ കേരളത്തിന് പുറത്ത് പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കണമെന്ന് ജൂറി സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp