മിക്സ്ചറിൽ ടാർട്രാസിൻ; അലർജിക്ക് കാരണമായ അപകടകാരി; മിക്സ്ചറി​ന്റെ വിൽപനയും നിർമ്മാണവും ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധിച്ചു.

കോഴിക്കോട്: മിക്സ്ചറിൽ ടാർട്രാസിൻ കണ്ടെത്തിയതിനെ തുടർന്ന് ഇതി​ന്റെ വിൽപനയും നിർമ്മാണവും ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധിച്ചു. കോഴിക്കോട് ജില്ലയിൽ ഉത്‌പാദിപ്പിച്ച മിക്സ്ചറിലാണ് ടാർട്രാസിൻ ചേർത്തതായി കണ്ടെത്തിയിരിക്കുന്നത്. ടാർട്രാസിൻ നിറം ചില ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ അളവിൽ ചേർക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ അലർജിക്ക്‌ കാരണമാകുമെന്നതിനാൽ മിക്സ്‌ചറിൽ ഇത് ചേർക്കാൻ പാടില്ല.

ജില്ലയിൽ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മിക്‌സ്ചറുകളിലാണ് ടാർട്രാസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരേ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകും.

വടകര ജെ.ടി. റോഡിലെ ഹർഷ ചിപ്‌സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്‌സ്, മുക്കം അഗസ്ത്യൻമുഴി ബ്രദേഴ്‌സ് ബേക്‌സ് ആൻഡ് ചിപ്‌സ് എന്നീ സ്ഥാപനങ്ങളിലെ മിക്‌സറിന്റെ വിൽപ്പനയാണ് നിരോധിച്ചത്. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ നിരോധിച്ചു.

ടാർട്രാസിന് അലർജി സാധ്യത കൂടുതൽ ഉള്ളതിനാൽ പല ഭക്ഷ്യവസ്തുക്കളിലും ഇത് ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മഞ്ഞനിറം കിട്ടുന്നതിനു വേണ്ടിയാണ് മിക്സ്ചറുകളിൽ ഈ കൃത്രിമനിറം ഉപയോഗിക്കുന്നത്. എന്നാൽ മിക്ക ആളുകളും മിക്സ്ചർ കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ അലർജിസാധ്യതയേറും. കച്ചവടക്കാർക്ക് പലർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ. സക്കീർഹുസൈൻ അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp