തൃക്കരിപ്പൂർ: മിൽമയുടെ പ്രതിദിന പാൽ സംഭരണം മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞു.ദിവസം 17 ലക്ഷം ലിറ്റർ പാൽ ആവശ്യമുള്ള മിൽമയ്ക്ക് 11 ലക്ഷം ലിറ്ററേ കേരളത്തിൽനിന്ന് സംഭരിക്കാനാകുന്നുള്ളൂ. ബാക്കി പുറത്തുനിന്ന് കൊണ്ടുവരികയാണ്. ആറുമുതൽ ആറരവരെ ലക്ഷം ലിറ്ററാണ് പുറത്തുനിന്ന് വാങ്ങുന്നത്. കഴിഞ്ഞ വർഷം 12.5 ലക്ഷംമുതൽ 14 ലക്ഷം ലിറ്റർവരെ പാൽ മിൽമ സംസ്ഥാനത്തുനിന്ന് സംഭരിച്ചിരുന്നു. പ്രതിദിനം നാലുലക്ഷം ലിറ്റർ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിച്ചത്.
കർണാടക മിൽക്ക് ഫെഡറേഷൻ, തമിഴ്നാട് മിൽക്ക് ഫെഡറേഷൻ, മഹാരാഷ്ട്രയിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവിടങ്ങളിൽനിന്നാണ് മിൽമ പാൽ വാങ്ങുന്നത്.
പശുക്കളുടെ എണ്ണം കുറഞ്ഞതും കർഷകരുടെ കൊഴിഞ്ഞുപോക്കും ഉത്പാദനം കുറയാൻ കാരണമായെന്ന് അധികൃതർ പറയുന്നു. തീറ്റ ഉൾപ്പെടെയുള്ളവയുടെ വില വർധനയും പുതിയ തലമുറ ക്ഷീരമേഖലയിൽ വരാത്തതും ഉത്പാദനത്തിലെ ഇടിവിനു കാരണമാണ്.
വിവിധ ഉത്‌പന്നങ്ങൾ നിർമിച്ചുതുടങ്ങിയതോടെ പാൽ ഉപഭോഗം കൂടി. മലബാർ മേഖലയ്ക്ക് പ്രതിദിനം 60,000 മുതൽ 70,000 ലിറ്ററും എറണാകുളം മേഖലയ്ക്ക് രണ്ടര ലക്ഷം ലിറ്ററും തിരുവനന്തപുരം മേഖലയ്ക്ക് മൂന്ന് ലക്ഷം ലിറ്ററും പാലാണ് ആവശ്യം.