മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതില്‍ പരിഭവമില്ല; ക്ഷണം കിട്ടിയവര്‍ പോകട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി നടത്തുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ലാത്തത് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. ക്ഷണം ലഭിച്ചവർ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ എതിർക്കുന്നതാണ് വേദനാജനകം. മാറ്റത്തെ ഉൾക്കൊള്ളാനാകണമെന്നും ഗവർണർ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി വിരുന്ന് സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, മതമേലധ്യക്ഷന്മാർ തുടങ്ങിയവർക്കു ക്ഷണമുണ്ട്.

മുഖ്യമന്ത്രിയുടെ വിരുന്നകളിൽ ഗവർണർമാരെ ക്ഷണിക്കുന്ന പതിവില്ലാത്തതും സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികളും കാരണവുമാണ് ഗവർണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. നേരത്തെ ഗവർണർ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും ഇവരാരും ചടങ്ങിന് എത്തിയിരുന്നില്ല.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ സ്പീക്കറും വിരുന്നിൽ പങ്കെടുത്തിരുന്നില്ല. സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സംഘവും വിരുന്നിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ ആയതിനാൽ പങ്കെടുക്കാൻ ആകില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിശദീകരണം. കൊല്ലത്ത് ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് സ്പീക്കറും അറിയിച്ചിരുന്നു.

അതേസമയം ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റിയ ബിൽ തന്‍റെ മുന്നിൽ വന്നിട്ടില്ലെന്ന് ഗവർണർ പറഞ്ഞു. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ പെട്ടതിനാൽ സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ ആവില്ല. നിയമനുസൃതമായ ഏതു ബിൽ ആണെങ്കിലും ഒപ്പിടും. അല്ലെങ്കിൽ ഒപ്പിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp