മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; 279 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടുവീഴും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയവർക്കെതിരെ നടപടികൾ ഊർജ്ജിതമാക്കി പൊലീസ്. സംസ്ഥാനത്ത് ഇതുവരെ 39 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിഎംഡിആർഎഫിനെതിരെ പ്രചാരണം നടത്തിയ 279 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ നീക്കം ചെയ്യാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചു.

കൊല്ലം ഏരൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ഇളവറാംകുഴി മാവിളയിൽ വീട്ടിൽ രാജേഷിനെയാണ് (32) സൈബർ സെൽ നിർദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുണിനെയും (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇതിനെതിരെ വലിയ രീതിയിൽ പ്രചാരണം നടന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp