മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചിരുന്നു.
ജൂണ്‍ 8 മുതല്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ സന്ദര്‍ശനത്തിനായി ജൂണ്‍ ആറിന് മുഖ്യമന്ത്രി യാത്ര തിരിക്കും. അമേരിക്കയില്‍ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്ക് ഉദ്യോഗസ്ഥമായ ഉള്ള ചര്‍ച്ചയും മറ്റൊരു പരിപാടിയാണ്.
മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ എ .എന്‍ ഷംസീര്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം എന്നിവരും അമേരിക്കന്‍ യാത്രയില്‍ അനുഗമിക്കും. ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടുന്ന സംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കുന്നതിനാണ് ക്യൂബ സന്ദര്‍ശനം.
നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഎഇ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത്.