മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസിന് മുന്നിൽ അരിമാവിൽ കുളിച്ച് മില്ലുടമയുടെ പ്രതിഷേധം

കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതുകാരണം ആട്ടിവെച്ച അരിമാവ് പുളിച്ചെന്ന് ആരോപിച്ച് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നിൽ മില്ലുടമയുടെ പ്രതിഷേധം.ഇളമ്പള്ളൂർ സ്വദേശി രാജേഷാണ് ഇന്നലെ വൈകിട്ട് കെഎസ്ഇബി ഓഫീസിന് മുന്നിൽ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്.

ദോശ മാവ് പാക്കറ്റുകളിലാക്കി രാജേഷ് വിൽപന നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ വളരെ നേരത്തെ മാവ് ആട്ടി പണി തീർക്കാൻ ശ്രമം തുടങ്ങി. എന്നാൽ, യാതൊരു അറിയിപ്പും ഇല്ലാതെ രാവിലെ 9.30 മുതൽ വൈദ്യുതി നിലച്ചെന്നും പകുതി ആട്ടിയ മാവ് പുളിച്ച് ഉപയോഗ ശൂന്യമായെന്നും രാജേഷ് പറയുന്നു.

തുടർന്നായിരുന്നു കവറുകളിലാക്കി വിൽപന നടത്താൻ കഴിയാത്ത മാവുമായി രാജേഷിന്‍റെ പ്രതിഷേധം. കെഎസ്ഇബി ഓഫീസിലേക്ക് ചെമ്പുകളിലാക്കി വെച്ച മാവ് കൊണ്ടുവന്നശേഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് ഒരു ചെമ്പിലെ മാവ് ദേഹത്ത് ഒഴിച്ചുകൊണ്ട് രാജേഷ് പ്രതിഷേധിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp