മുറികളെല്ലാം അലങ്കോലം, മൃതദേഹം കണ്ടെടുത്ത കുഴിയും വീടും കാണാന്‍ ആളുകള്‍ എത്തുന്നു; നരബലി പുറംലോകം അറിഞ്ഞിട്ട് ഒരു മാസം

ഇലന്തൂര്‍: കേരളക്കരയെ ഒന്നാകെ നടുക്കിയ പത്തനംതിട്ടയിലെ ഇലന്തൂരിലെ ഇരട്ട നരബലി പുറംലോകം അറിഞ്ഞിട്ട് ഒരു മാസം. ഇപ്പോള്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം നടന്ന ഇലന്തൂര്‍ മണ്ണപ്പുറം കടകംപള്ളി വീട്ടില്‍ പോലീസ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇതോടെ ഇവിടേക്ക് എല്ലാ ദിവസവും ആളുകള്‍ കാണാനെത്തുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൃതശരീരങ്ങള്‍ കണ്ടെടുത്ത കുഴികളും വീടിനുള്‍വശവും അലക്കുകല്ലും വീഡിയോയില്‍ കാണാം. വീടിന്റെ ഇരുവശത്തേക്കുള്ള വാതിലുകള്‍ താഴിട്ടു പൂട്ടിയ നിലയിലാണ്. ചില ജനലുകള്‍ തുറന്നുകിടക്കുന്നുണ്ട്. ഇതിലൂടെ വീടിനുള്ളിലെ കാഴ്ചകള്‍ പൂര്‍ണമായും കാണാന്‍ സാധിക്കില്ല.

മിക്ക മുറികളും അലങ്കോലമായാണ് കിടക്കുന്നത്. വസ്ത്രങ്ങള്‍, അലമാരകള്‍, പേപ്പറുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ മാത്രമേയുള്ളു. വൈദ്യശാലയുടെ വാതിലുകളും പൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ വെച്ചാണ് വെച്ചാണ് ശരീരഭാഗങ്ങള്‍ മുറിച്ചത്. മൂന്ന് വശവും ഒഴിഞ്ഞുകിടക്കുന്ന മൂന്നരയേക്കറിനു മധ്യഭാഗത്തായാണ് വീട് സ്ഥിതി ചെയ്യുന്നത്. പഴയവീടും തിരുമ്മല്‍കേന്ദ്രവും പറമ്പും ഭീതിപ്പെടുത്തുന്നതാണ്.

ശനിയാഴ്ചയോടെ പോലീസ് നിയന്ത്രണങ്ങള്‍ മാറ്റിയിട്ടുണ്ടെങ്കിലും ബാരിക്കേഡുകള്‍ അവിടെ തന്നെയുണ്ട്. ദൂരദേശത്തുനിന്നും ആളുകള്‍ എത്തുന്നുണ്ട്. ഒക്ടോബര്‍ 12 ന് ആയിരുന്നു കേസില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കേസിലെ കുറ്റപത്രം ഡിസംബര്‍ ആദ്യവാരം സമര്‍പ്പിക്കും. ശരീരഭാഗങ്ങളുടെ പരിശോധനകളില്‍ പോലീസിന്റെ കണ്ടെത്തല്‍ ശരിവെയ്ക്കും വിധം കൊല്ലപ്പെട്ടത് റോസിലിയും പത്മവുമെന്ന് ഡിഎന്‍എ ഫലത്തില്‍ നിന്ന് വ്യക്തമായതോടെയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp