മുല്ലപ്പെരിയാർ അണക്കെട്ടിൽ‌ തമിഴ്നാടിന്റെ‌ പരിശോധന

കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെ അണക്കെട്ടിൽ മധുര സോൺ ജലവിഭവ വകുപ്പ് ചീഫ് എൻജിനീയറുടെ പരിശോധന. ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും പരിശോധിച്ചു.പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്ത് ഡാം, സ്പിൽ വേ, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടന്നു. തുടർന്ന് അണക്കെട്ടിലെ സീസ്മോഗ്രാഫ്, മഴമാപിനി, തെർമോമീറ്റർ, അണക്കെട്ടിലെ ചോർച്ച വെള്ളം കൃത്യമായി പുറത്തുവിടുന്ന വീനാച്ച് എന്നിവയുടെ പ്രവർത്തനവും പരിശോധിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനെക്കുറിച്ചും തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സംബന്ധിച്ചും അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു. പിന്നീട് വള്ളക്കടവിൽ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും ബോട്ടിന്റെ അറ്റകുറ്റപ്പണിയും പരിശോധിച്ചു. പെരിയാർ ഡാം സ്പെഷൽ ഡിവിഷൻ സൂപ്പർവൈസിങ് എൻജിനീയർ സാം ഇർവിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കുമാർ, അസിസ്റ്റന്റ് എൻജിനീയർമാരായ രാജഗോപാൽ, പാർഥിപൻ, ബാലശേഖരൻ, നവീൻ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ 6നു ജലനിരപ്പ് 131.20 അടിയായിരുന്നു.

പ്രത്യേക ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ ഇപ്പോൾ പ്രത്യേക ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നേരത്തേ സ്വീകരിച്ച സമീപനം തുടരും. പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp