മൂന്നാം സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും എഐസിസിയെ അറിയിക്കും. സാദിഖലി തങ്ങളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ലീഗ് വ്യക്തമാക്കി.
ഇന്നത്തെ യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്തിമ തീരുമാനമായ ശേഷം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പോസിറ്റീവെന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തൃപ്തികരമായ ചര്‍ച്ചയാണ് നടന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തി മറ്റന്നാള്‍ പാണക്കാട് വച്ച് ലീഗ് യോഗം ചേരും. 27ന് ഇന്നത്തെ ചര്‍ച്ചകള്‍ വിലയിരുത്തി അന്തിമ തീരുമാനം ലീഗ് സ്വീകരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.