പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും വരാനിരിക്കുന്ന ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവിലുള്ള ക്ഷേമപദ്ധതികള്‍ വരും വര്‍ഷത്തിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷമായി നികുതിയും സര്‍വീസ് ചാര്‍ജും വര്‍ധിപ്പിച്ചിട്ടില്ല. മുന്നോട്ടുപോകാന്‍ മൂലധനം അത്യാവശ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കിഫ്ബിയുടേയും പെന്‍ഷന്‍ കമ്പനിയുടേയും ബാധ്യത സര്‍ക്കാരിന്റെ പേരിലാക്കി സംസ്ഥാനത്തെ അഗാധഗര്‍ത്തത്തിലേക്ക് കൊണ്ടുചെന്ന് തള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി തനിക്ക് വ്യക്തിപരമായി ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി മൂന്നാം തിയതി ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.