മൃതദേഹം തള്ളുന്നതിനായി അട്ടപ്പാടി തെരഞ്ഞെടുക്കാൻ ഷിബിലിക്ക് കാരണങ്ങളേറെ; പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചത് ട്രോളി ബാഗിൽ നിന്ന് കൈ പുറത്ത് വന്നതോടെ

കോഴിക്കോട് ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹം തള്ളാൻ അട്ടപ്പാടി ചുരം തെരഞ്ഞെടുത്തത് ഷിബിലിയാണ്. പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചത് ട്രോളി ബാഗിൽ നിന്ന് കൈ പുറത്ത് വന്നതോടെയായിരുന്നു. 

ചെറുപുളശ്ശേരിക്കാരനായ ഷിബിലിക്ക് അട്ടപ്പാടി ചുരത്തിലെ സാഹചര്യം നന്നായി അറിയാം. രാത്രിയായാൽ അട്ടപ്പാടി ചുരത്തിൽ യാത്രക്കാർ കുറയും. ഒപ്പം ചുരം റോഡിൽ സിസിടിവി ഇല്ലാത്തതും അട്ടപ്പാടി തെരഞ്ഞെടുക്കാൻ കാരണമായി. മൃതദേഹം തള്ളാൻ സഹായങ്ങൾ ചെയ്ത് നൽകിയത് ഫർഹാനയുടെ സുഹൃത്ത് ആഷികായിരുന്നു. കണക്കുകൂട്ടലുകൾ അനുസരിച്ച് എല്ലാം നടന്നു.

എന്നാൽ ട്രോളി ബാഗുകൾ മുകളിൽ നിന്ന് എറിയുന്നതിനിടെ പാറയിൽ തട്ടി പൊളിഞ്ഞതോടെയാണ് മൂവർ സംഘത്തിന്റെ കണക്ക് കൂട്ടൽ പൊളിയുന്നത്. മൃതദേഹത്തിന്റെ കൈ പുറത്ത് കാണുന്ന നിലയിലായിരുന്നു ബാഗ് അടിവാരത്ത് കിടന്നത്. ഇതാണ് പൊലീസ് ബാഗ് കണ്ടെത്താൻ കാരണമായത്.

ഈ മാസം 22 നാണ് മലപ്പുറം തിരുർ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ ഹഹദ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവർ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ മാസം 18ന് ഈ ഹോട്ടലിൽ രണ്ട് മുറികൾ സിദ്ധിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പർ നാലിൽ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ ഇന്നലെ രാത്രി ചെന്നൈയിൽ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ തള്ളിയെന്ന വിവരം ലഭിച്ചത്. പ്രതികളെ രാത്രിയോടെ കേരളത്തിൽ എത്തിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp