മേയർ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ സമർപ്പിച്ച ഹർജി കോടതി തള്ളി. രൂക്ഷ വിമർശനത്തോടെയാണ് അപേക്ഷ ഹൈക്കോടതി തള്ളിയത്. പോപുലർ ഫ്രണ്ട് നേരത്തെ സംംഘടിപ്പിച്ച സംസ്ഥാന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാനായിരുന്നു ഡപ്യൂട്ടി മേയർ ഹർജി സമർപ്പിച്ചത്. സമരം ചെയ്യാൻ പാടില്ലെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കേരള ഹൈക്കോടതി ഹർജി തള്ളിയത്. സമരക്കാർ മേയറുടെ ഓഫീസ് പ്രവർത്തനം തടഞ്ഞെന്നും കോർപറേഷന്റേതായ പൊതുമുതൽ നശിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
പൊതുമുതൽ നശിപ്പിച്ചെങ്കിൽ പ്രത്യേകം ഹർജി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതി ഇക്കാര്യത്തിൽ ഹർജി തള്ളിയത്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ എന്തിനാണ് കക്ഷി ചേരുന്നതെന്ന് കോടതി ചോദിച്ചു. അപേക്ഷ അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. വേണമെങ്കിൽ പുതിയ ഹർജി നൽകുവെന്ന് കോടതി പറഞ്ഞു.