കാസർകോട്: മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിക്കര സ്വദേശി മുഹമ്മദ് ആഷിക് എന്ന ആഷികിനെയാണ് (26) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. യുവാവിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
മോഷണം, മയക്കുമരുന്ന് വിതരണം, പിടിച്ചുപറി, നരഹത്യ ശ്രമം, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ 11 കേസുകളിൽ പ്രതിയാണ് ആഷിക്കെന്ന് പോലീസ് പറഞ്ഞു. കാസർകോട് കണ്ണൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 11 കേസുകളിൽ പ്രതിയാണ് ആഷിക്കെന്ന് പോലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. 2016 മുതൽ ആഷിക്ക് നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. 2016ൽ ആവിക്കരയിൽ റീന എന്ന യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിലും അഭിഭാഷകനെ കണ്ട് മടങ്ങിയ ആളെ ആക്രമിച്ച കേസിലും പ്രതിയാണ് യുവാവ്.
വീട്ടിൽ നിന്നും സ്വർണം കവർന്ന കേസിലും കാർ മോഷണക്കേസിലും പ്രതിയാണ് യുവാവ്. 2020 സെപ്റ്റംബറിൽ കണ്ണൂരിൽ വച്ച് ഒരു കിലോ കഞ്ചാവുമായി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിലും ആഷിക്ക് ഉണ്ടായിരുന്നു. കണ്ണൂര്‍ പോലീസിൻ്റെ നേതൃത്വത്തിലാണ് നാലംഗ സംഘത്തെ പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശികളായ സംഘത്തിൽ നിന്നും 12500 രൂപയും മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു.
ആഷിക് മയക്കുമരുന്ന് മൊത്തമായി വാങ്ങി വിൽപ്പന നടത്തുന്നയാളാണെന്നാണ് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ കാഞ്ഞങ്ങാട്ട് എംഡിഎംഎയുമായി ആഷിക് അടക്കം നാല് പേരെ പോലീസ് പിടിയിലായിരുന്നു. ആവിക്കരയിലെ വീട്ടില്‍ നിന്ന് 21.48ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.