യന്തിരൻ യാഥാർത്ഥ്യമാകുമോ..?

സിഡ്നി:ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ നിര്‍മ്മാണം അവസാനിപ്പിച്ചില്ലെങ്കില്‍ അത് നാശത്തിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി എഐ ഗവേഷകനായ എലിസര്‍ യുഡ്‌കോവ്‌സ്‌കി.
വലിയ രീതിയില്‍ ഇന്ന് ഡാറ്റകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുണ്ട്. മനുഷ്യരെ പോലെ തന്നെ ഭാഷകള്‌ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ജിപിടി4 എന്ന നിര്‍മിതബുദ്ധി ഏവരെയും അമ്പരപ്പിക്കുന്നുണ്ട്. മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാന്‍ ഇത് സഹായിക്കുമെന്ന ആശ്വാസവും മനുഷ്യരാശിയ്ക്ക് തന്നെ ആപത്താകുമോ എന്ന ആശങ്കയുമാണ് എ ഐ ഒരേ സമയം ഉയര്‍ത്തുന്നത്. യന്തിരൻ എന്ന സിനിമയിലൂടെ നമ്മളത് കണ്ടതാണ്. അതിമാനുഷികമായ ബുദ്ധിശേഷിയുള്ള എഐ പോലെയുള്ള സംവിധാനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കാത്ത പക്ഷം അത് മനുഷ്യന് ദോഷമായി മാറുമെന്നാണ് ടൈം മാഗസിനില്‌‍ പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ ഗവേഷകന്‍ കുറിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ബെര്‍ക് ലിയിലെ മെഷീന്‍ ഇന്റലിജന്‍സ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് അദ്ദേഹം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നൈയ്ക് ഉള്‍പ്പടെ നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു.
മാര്‍ച്ച്‌ 29 ന് പുറത്തുവിട്ട കത്തിലെപ്പോലെയല്ല യഥാര്‍ത്ഥ പ്രശ്നങ്ങൾ ഭയങ്കരമാണെന്നും അതിനെ നേരിടാന്‍ നാം പ്രാപ്തമല്ലെന്നുമാണ് എലിസര്‍ യുഡ്‌കോവ്‌സ്‌കി പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് മത്സരിക്കാന്‍ ശ്രമിച്ചാല്‍ മനുഷ്യര്‍ പരാജയപ്പെടുകയേയുള്ളൂ. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം. എഐ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മനസിലാക്കാന്‍ നാം ഇനിയും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍, അതിശക്തമായൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആരെങ്കിലും നിര്‍മിച്ചെടുത്താല്‍, തൊട്ടുപിന്നാലെ തന്നെ മനുഷ്യരുള്‍പ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവിവര്‍ഗങ്ങളും ചത്തൊടുങ്ങിയേക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സ്വയം തിരിച്ചറിയാന്‍ കഴിവുണ്ടോ എന്നതിനെ കുറിച്ച്‌ നമുക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.

ഗവേഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ സ്വയം ചിന്തിക്കാന്‍ ശേഷിയുള്ളൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിക്കപ്പെട്ടു എന്നിരിക്കട്ടെ ബുദ്ധിയുള്ള ജീവിയുടെ എല്ലാ പ്രശ്‌നങ്ങളും അതിനുമുണ്ടാവും. ആരിലും കീഴ്‌പ്പെടാതിരിക്കാനുള്ള അവകാശവും അതിനുണ്ടാവും. എഐ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവന്നേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ പരിഹാരം എല്ലാവരും കൊല്ലപ്പെടാതിരിക്കാനുള്ളതാകുമെന്നും ചിലപ്പോള്‍ അതുവരെ കാത്തു നില്ക്കാന്‍ നാമുണ്ടാകില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. യന്തിരൻ യാഥാർത്ഥ്യമാകുമെന്ന് ചുരുക്കം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp