യാത്രക്കാരോട് മാന്യമായി പെരുമാറണം, അല്ലെങ്കില്‍ കർശന നടപടി: അറിയിപ്പുമായി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിൽ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വിഫ്റ്റ് ബസ്സുകളില്‍ കണ്ടക്ടര്‍മാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ വര്‍ദ്ധിക്കുന്നുണ്ട്. രാത്രി എട്ടുമണിക്ക് ശേഷം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ എവിടെയും ബസ് നിര്‍ത്തണം. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്നു മന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസിയിലെ യഥാര്‍ഥ യജമാനന്മാര്‍ യാത്രക്കാരാണ്. അവരോട് സ്‌നേഹത്തോടെ പെരുമാറണം. ഇത് യാത്രക്കാരുടെ എണ്ണം കൂടാനും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിക്കാനും കാരണമാകും. പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും വയോധികരോടും മാന്യമായി പെരുമാറണം. മദ്യപിച്ച് ജോലിക്ക് വരരുതെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കും. കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം നല്‍കുന്ന രീതി ഒഴിവാക്കും. ഇതിനായി ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതായും ഗണേഷ് കുമാര്‍ അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp