തൃശൂര്‍ അതിരപ്പിള്ളിയില്‍ യുവതിയെ കൊന്ന് വനത്തില്‍ തള്ളിയ സംഭവത്തില്‍ കൊലപാതകത്തിന് ശേഷം ആതിരയുടെ മാലയും പ്രതി കവര്‍ന്നെന്ന് പൊലീസ്. അങ്കമാലിയിലെ സ്വകാര്യ വ്യക്തിക്ക് മാല പണയം വയ്ക്കാന്‍ നല്‍കിയെന്നാണ് പ്രതി അഖില്‍ പൊലീസിന് നല്‍കിയ മൊഴി.
കൂടുതല്‍ പെണ്‍കുട്ടികളില്‍ നിന്ന് അഖില്‍ പണം വാങ്ങിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കാലടി സ്വദേശി ആതിരയെയാണ് സുഹൃത്ത് അഖില്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്. ആതിര അഖിലിനൊപ്പം ഒന്നിച്ച് കാറില്‍ കയറി പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമായത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.