യുവാവ് ‘കോമയിൽ’ എന്ന് ആശുപത്രി അധികൃതര്‍, ഒരു ലക്ഷം രൂപ ബില്ല് ആവശ്യപ്പെട്ടു; ഐസിയുവില്‍ നിന്ന് ഓടിരക്ഷപ്പെട്ട് യുവാവ്

ആശുപത്രി അധികൃതർ ‘കോമയിലാണെന്ന്’ പറഞ്ഞ രോഗി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്‌ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ തട്ടിപ്പ് നടന്നത്. ലക്ഷങ്ങൾ ചെലവ് വരുമെന്ന ആശുപത്രി അധികൃതരുടെ വാക്കുകൾ കേട്ട് ബന്ധുക്കൾ പണം സംഘടിപ്പിക്കാൻ നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തേക്ക് യുവാവ് നഴ്സുമാരുടെയും ഡോക്ടർമാരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയത്.എന്നാൽ ആരോപണങ്ങൾ ആശുപത്രി നിഷേധിച്ചിട്ടുണ്ട്. സംഭവം വൈറലായതിന് പിന്നാലെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആകെ ബിൽ 8,000 രൂപ മാത്രമായിരുന്നുവെന്നാണ് ആശുപത്രിയുടെ അവകാശവാദം. സംഭവത്തിന് മുമ്പ് 40,000 രൂപ ആശുപത്രി ബിൽ അടച്ചുവെന്നാണ് യുവാവിന്‍റെ ഭാര്യയും പറയുന്നത്.

സംഭവത്തിന്റെ വിഡിയോ വൈറലാണ്.നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനാൽ ബോധം നഷ്ടപ്പെട്ടെന്നും കോമയിലാണെന്നുമാണ് ഡോക്‌റ്റർമാർ അറിയിച്ചിരുന്നത്. അടിയന്തരവും ചെലവേറിയതുമായ ചികിത്സ ആവശ്യമാണെന്നും അതിനായി ഉടൻ ഒരു ലക്ഷം രൂപ കണ്ടെത്തണമെന്നും അധികൃതർ ബന്ധുക്കളോടു പറഞ്ഞു.

പണത്തിനായി കുടുംബം നെട്ടോടമോടുന്നതിനിടെയാണ് യുവാവ് പുറത്തു വന്നത്.അഞ്ച് ആശുപത്രി ജീവനക്കാർ ചേർന്ന് തന്നെ തടഞ്ഞു വച്ചിരിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു.

യുവാവിന് ഡോക്‌റ്റർമാർ അറിയിച്ചതുപോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് സൂചന. ഇതെത്തുടർന്ന് ആശുപത്രിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വലിയ മെഡിക്കൽ തട്ടിപ്പിനാണ് രോഗി ഇരയായതെന്നും ആശുപത്രിക്കെതിരേ കർശന നടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp