യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. മെറ്റയുടെ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പുത്തന്‍ ഫീച്ചറുകളുമായി കുതിച്ചുപായുമ്പോള്‍ ഗൂഗിളിന്‍റെ യൂട്യൂബിന് മാറിനില്‍ക്കാനാവില്ല. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി ഞെട്ടിക്കുന്നത്.
യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്‍ലോഡ് ചെയ്യാം. യൂട്യൂബിന്‍റെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോർട്സ് വീഡിയോകളും പരിഗണിക്കും. എന്നാല്‍ മുമ്പ് അപ്‍ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള ഫയലുകള്‍ ലോംഗ്-ഫോം വീഡിയോ എന്ന ഗണത്തില്‍ തന്നെ തുടരും. ഇവ യൂട്യൂബിന്‍റെ പരമ്പരാഗത രീതിയില്‍ തന്നെ റെവന്യൂ ഷെയറിംഗിന് പരിഗണിക്കപ്പെടും.

പുതിയ മാറ്റം യൂട്യൂബർമാർക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകള്‍ നിലവില്‍ യൂട്യൂബ് മൊബൈല്‍ ആപ്പിലെ ഷോർട്സ് ക്യാമറ വഴി നേരിട്ട് ചിത്രീകരിക്കാന്‍ കഴിയില്ല. ഇവ മൊബൈല്‍, ഡെസ്ക്ടോപ് വേർഷനുകളില്‍ ലഭ്യമായ യൂട്യൂബ് സ്റ്റുഡിയോ വഴിയാണ് അപ്‍ലോഡ് ചെയ്യേണ്ടത്. യൂട്യൂബ് ഷോർട്സ് വീഡിയോകളിലെ മാറ്റം എങ്ങനെയാണ് വ്ലോഗർമാർ ഏറ്റെടുക്കുക എന്ന് വരും ദിവസങ്ങളില്‍ അറിയാം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp