യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്

യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്. രണ്ടരലക്ഷം രൂപയുടെ പൊലീസ് മുതൽ നശിപ്പിച്ചതായാണ് കണക്ക്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്. നാശനഷ്ടം സംഭവിച്ചത് പൊലീസിന്റെ മൂന്ന് വാഹനങ്ങൾക്കാണ്. ഇതിൽ പിങ്ക് പൊലീസിന്റെ വാഹനവും ഉൾപ്പെടും. ലാത്തിയും ഫൈബർ ഷീൽഡും ഉൾപ്പെടെയുള്ള വസ്തുക്കൾക്കും നാശനഷ്ടമുണ്ടായി. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ് എടുത്തത്.

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പിങ്ക് പൊലീസ് വാഹനം അടിച്ചു തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിരുന്നു സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോൺമെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേർത്ത് പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.

മാർച്ചിനിടെ പുരുഷ പൊലീസ് വനിതാ നേതാവിൻ്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ വടികൊണ്ട് ആക്രമിച്ചു. പരുക്കുപറ്റിയ പ്രവർത്തകരെ പൊലീസ് തടഞ്ഞുവച്ചു. അതുകൊണ്ടാണ് ഇത്ര വലിയ സംഘർഷമുണ്ടായത്. പൊലീസിനൊപ്പം യൂത്ത് കോൺഗ്രസ് സമരത്തെ അടിച്ചമർത്താനാവില്ല. ഈ പ്രതിഷേധം കേരളം മുഴുവനുണ്ടാവും. എസ് എഫ് ഐയുടെ പെൺകുട്ടികളെ ‘മോളേ, കരയല്ലേ’ എന്നുപറഞ്ഞ് പൊലീസ് വിളിച്ചുകൊണ്ട് പോയി. ഞങ്ങളുടെ പെൺകുട്ടികളുടെ വസ്ത്രം വലിച്ചുകീറി. പൊലീസിനെ അഴിഞ്ഞാടാൻ വിടുന്നതിന് പിണറായി വിജയൻ മറുപടി പറയണം. സന്തോഷത്തോടെ ഭരിക്കാമെന്ന് കരുതണ്ട. ശക്തമായ പ്രതിഷേധമുണ്ടാവും. പ്രവർത്തരെ അടിച്ചാൽ അവർക്കൊപ്പമിറങ്ങും. പൊലീസ് സംയമനം പാലിച്ചില്ല. ഒരു പെൺകുട്ടിയെ ആക്രമിച്ചു. അതൊന്നും വെച്ചുപൊറുപ്പിക്കില്ല. 100 കണക്കിനു കുട്ടികളാണ് ആശുപത്രിയിലുള്ളത്. ശക്തമായി പ്രതികരിക്കും. ഞങ്ങൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അവസാനം കുട്ടികളെ സംരക്ഷിക്കാനാണ് തെരുവിലിറങ്ങുന്നത് എന്നും സതീശൻ കൂട്ടിച്ചേർത്തു.

ഇന്ന് ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു സംസ്ഥാന കമ്മിറ്റി മാർച്ച് നടത്തും. നവ കേരള സദസിന് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp