കർണാടക ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനായി കോഴിക്കോട് നിന്ന് സന്നദ്ധസംഘവും. മുക്കത്ത് നിന്നുള്ള 18 അംഗ രക്ഷാദൗത്യസംഘമാണ് ഷിരൂരിലേക്ക് തിരിച്ചത്. സംഘത്തിൽ രക്ഷാപ്രവർത്തന വിദഗ്ധരും ഉണ്ട്. എൻ്റെ മുക്കം, പുൽപറമ്പ് രക്ഷാസേന, കർമ ഓമശ്ശേരി എന്നീ സന്നദ്ധ സംഘടനകളിലെ അഗങ്ങളാണ് യാത്ര അങ്കോലയിലേക്ക് തിരിച്ചത്.അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസവും പുരോഗമിക്കുകയാണ്. കരയിലും പുഴയിലും തെരച്ചിൽ നടത്തുന്നുണ്ട്. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും. മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക് റഡാറിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. ഗംഗാവാലി പുഴയിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും തെരച്ചിൽ നടത്തും.റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ലായിരുന്നു. തുടർന്നാണ് ഗംഗാവാലി പുഴയിലേക്ക് തെരച്ചിൽ വ്യാപിപ്പിക്കുകയായിരുന്നു. അതേസമയം ഇന്ന് മണ്ണ് നീക്കിയുള്ള തെരച്ചിൽ അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഇന്ന് വൈകിയായിരുന്നു തെരച്ചിൽ ആരംഭിച്ചിരുന്നു. രാവിലെ കനത്ത മഴയായിരുന്നു അപകടമേഖലയിൽ പെയ്തിരുന്നത്. ഇത് രക്ഷാദൗത്യത്തിനെ ബാധിച്ചിരുന്നു.