മലപ്പുറം കാളികാവിൽ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി കാളികാവ് പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതിക്രൂര മർദ്ദനത്തെ തുടർന്നാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മർദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മർദിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ് മോർട്ടത്തിൽ കുട്ടി ക്രൂരമർദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.
സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിശദ വിവരങ്ങൾ പുറത്തായിരുന്നു. ക്രൂരമായ മർദ്ദനം കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചു. കുഞ്ഞ് മരിച്ചതിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.
മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞു പരുക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും ശരീരത്തിലുണ്ട്. തലയ്ക്കു ഗുരുതര പരുക്കേറ്റു. തലയിൽ രക്തം കെട്ടിക്കിടക്കുന്നുണ്ട്. കുഞ്ഞിന്റെ തലയ്ക്ക് മുൻപ് മർദ്ദനമേറ്റപ്പോൾ സംഭവിച്ച രക്തസ്രാവമാണ് മരണകാരണം. മർദ്ദനത്തിൽ വാരിയെല്ലുകളും പൊട്ടിയിരുന്നു.
കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മുൻപ് തന്നെ കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. കുഞ്ഞിനെ പിതാവ് ചവിട്ടിയെന്നും തുടർന്ന് കുഞ്ഞിനെ എടുത്തെറിഞ്ഞെന്നുമായിരുന്നു മാതാവിന്റെ ആരോപണം.