രാജീവ് ഗാന്ധി വധക്കേസ്: ജയിൽ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും; 10 ദിവസത്തിനുള്ളിൽ ഉത്തരവിറങ്ങും.

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തുമെന്ന് തിരുച്ചിറപ്പള്ളി ജില്ലാ കലക്ടർ എം പ്രദീപ് കുമാർ. ഇവരെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുരുകൻ, ശാന്തൻ, റോബർട് പയസ്, ജയകുമാർ എന്നിവരെയാണ് നാടുകടത്തുക.

30 വർഷത്തിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളും കഴിഞ്ഞദിവസം ജയിൽ മോചിതരായിരുന്നു. മോചന ഉത്തരവ് ജയിലിൽ എത്തിയതിന് പിന്നാലെ ശ്രീലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ സ്പെഷ്യൽ ക്യാമ്പിലേക്കാണ് മാറ്റിയത്. ക്യാമ്പ് സന്ദർശിച്ചതിന് ശേഷമാണ് ഇവരെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും 10 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ജില്ലാ കലക്ടർ എം പ്രദീപ് കുമാർ വ്യക്തമാക്കിയത്.

വെല്ലൂരിലെ ജയിലിൽനിന്നാണ് നളിനി, ഭർത്താവ് ശ്രീഹരൻ (മുരുകൻ), ശാന്തൻ എന്നിവർ പുറത്തിറങ്ങിയത്. പുഴൽ ജയിലിൽനിന്ന് റോബർട്ട് പയസ്, സഹോദരീ ഭർത്താവ് ജയകുമാർ എന്നിവരും മധുര സെൻട്രൽ ജയിലിൽനിന്ന് പരോളിലുള്ള രവിചന്ദ്രനും മോചിതരായി.

പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ശാന്തൻ ലങ്കയിലേക്കു മടങ്ങാൻ സന്നദ്ധത അറിയിച്ചിരുന്നു. അതേസമയം ലണ്ടനിലുള്ള മകളുടെ അടുത്തേക്ക് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനൊരുങ്ങുകയാണ് മുരുകനും നളിനിയും.

മുരുകനെ തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാപിലെത്തി നളിനി സന്ദർശിച്ചിരുന്നു. ഭർത്താവിനൊപ്പം കുടുംബമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നളിനി പറഞ്ഞു. ഭർത്താവ് എവിടെ പോയാലും കൂടെ പോകുമെന്നും അവർ പ്രതികരിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp