ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ ഉൾപ്പെടെ എല്ലാ പ്രതികളെയും മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. നളിനി ശ്രീഹരൻ, ആർ പി രവിചന്ദ്രൻ, ശ്രീഹരൻ, ശാന്തൻ, മുരുഗൻ, റോബർട്ട് പയസ് എന്നിവരെ മോചിപ്പിക്കാനാണ് ഉത്തരവ്. ജസ്റ്റിസ് ബി ആർ ഗവായി, ബി വി നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. നേരത്തെ, മറ്റൊരു പ്രതിയായിരുന്ന പേരറിവാളനെയും സുപ്രീംകോടതി മോചിപ്പിച്ചിരുന്നു. ഈ ഉത്തരവിൻ്റെ കൂടി പശ്ചാത്തലത്തിലാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വന്നിരുന്ന മറ്റ് പ്രതികളെയും മോചിപ്പിക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ജയിൽ മോചനം തേടി നളിനിയും രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയിരുന്നു. പേരറിവാളനെ മോചിപ്പിച്ച സുപ്രീംകോടതി ഉത്തരവിന് സമാനമായി അനുച്ഛേദം 142 പ്രകാരം ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയിരുന്നത്. ഇതോടെയാണ് നളിനിയും രവിചന്ദ്രനും മോചനം തേടി സുപ്രീംകോടതിയെ സമീപിച്ചത്. പേരറിവാളനെ മോചിപ്പിക്കാനുള്ള ഉത്തരവ് മറ്റു പ്രതികൾക്കും ബാധകമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഈ വർഷം മെയ് 18 നാണ് കേസിൽ 30 വർഷത്തിലധികം ജയിൽ വാസം അനുഭവിച്ച എ ജി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ഭരണഘടനയിലെ പ്രത്യേക അധികാരമായ അനുച്ഛേദം 142 പ്രകാരമാണ് പേരറിവാളനെ മോചിപ്പിച്ചത്. പ്രതികളായ ശ്രീഹരൻ, രവിചന്ദ്രൻ എന്നിവർ കഴിഞ്ഞ വർഷം ഡിസംബർ 27 മുതൽ പരോളിലാണ്. 1991 മെയ് 21 നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് എൽടിടിഇയുടെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തനു എന്ന പെൺകുട്ടിയായിരുന്നു ചാവേറായത്. രാജീവ് ഗാന്ധിയെ സമീപിച്ച തനു അനുഗ്രഹം തേടാനെന്ന വ്യാജേന കാലിൽ തൊടാൻ കുനിയുകയും തൻ്റെ അരയിൽ സ്ഥാപിച്ചിരുന്ന ബോബ് പൊട്ടിത്തെറിക്കുകയും ആയിരുന്നു.