ഗവർണറുടെ വസതിയായ രാജ്ഭവനിലും മോഷണം. മഹാരാഷ്ട്ര ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വ്യാഴാഴ്ചയാണ് സംഭവം. ഇവിടുത്തെ സി.സി.ടി.വി ക്യാമറകൾ മാസങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്നതാണ് മോഷ്ടാക്കൾക്ക് എളുപ്പമായത്. ആറ് ചന്ദനമരങ്ങളാണ് രാജ്ഭവനിൽ നിന്ന് മുറിച്ചുകടത്തിയത്.
കേടായ സി.സി.ടി.വി ക്യാമറകൾ ഉള്ള സ്ഥലത്തു നിന്നുതന്നെ രണ്ട് മരങ്ങൾ മോഷ്ടിക്കപ്പെട്ടു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്ഭവനിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തപ്പെടുന്നത്. മഴ മൂലമാണ് സി.സി.ടി.വി ക്യാമറകൾ കേടായത് എന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്. അതേസമയം, കഴിഞ്ഞ ജൂണിൽ മോഷണം നടന്നപ്പോഴും സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമായിരുന്നു. പുതിയ സംഭവത്തിൽ സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്