സര്‍ക്കാര്‍ രൂപീകരണവുമായി ബിജെപി മുന്നോട്ടുപോകുമ്പോള്‍ എന്‍ഡിഎ സഖ്യകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യം. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും ചർച്ചകൾ തുടരും. അതേസമയം, മന്ത്രിസഭ രൂപീകരണത്തില്‍ നിതീഷ് കുമാര്‍ മറുപടി പറയാത്തതില്‍ ബിജെപിക്കിടയിലും ആശങ്കയുണ്ട്. ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ നിതീഷ് നിലപാട് അറിയിച്ചിട്ടില്ല. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് പങ്കെടുക്കുന്നുണ്ട്.
ദില്ലി: സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തുടരാൻ നീക്കം നടത്തുന്ന ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബിജെപി തയ്യാറാകും. അതേസമയം, മന്ത്രിസഭ രൂപീകരണത്തില്‍ നിതീഷ് കുമാര്‍ മറുപടി പറയാത്തതില്‍ ബിജെപിക്കിടയിലും ആശങ്കയുണ്ട്. ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ നിതീഷ് നിലപാട് അറിയിച്ചിട്ടില്ല. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, വടക്കുകിഴക്കൻ മേഖലയിലെ ഏഴു സ്വതന്ത്രര്‍ എന്‍ഡിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരണവുമായി ബിജെപി മുന്നോട്ടുപോകുമ്പോള്‍ എന്‍ഡിഎ സഖ്യകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യം.ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഇന്ത്യ സഖ്യവും ഇന്ന് യോഗം ചേരും. വൈകിട്ട് ആറിന് മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക യോഗം. എന്‍ഡിഎയുടെ ഭാഗമായ ജെഡിയു, ടിഡിപി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടാനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും ചർച്ചകൾ തുടരും. ഇന്നത്തെ എൻഡിഎ യോഗത്തിൽ നിതീഷ് പങ്കെടുക്കും. മറ്റ് സ്വതന്ത്ര പാർട്ടികളേയും ഇന്ത്യ സഖ്യത്തില്‍ എത്തിക്കാൻ നീക്കമുണ്ട്. സർക്കാർ രൂപീകരണ നീക്കങ്ങളിൽ മമത ബാനർജിയും സഹകരിക്കും. വിജയത്തിൽ രാഹുൽ ഗാന്ധിയെ മമത ബാനര്‍ജി അഭിനന്ദനം അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം ബിജെപിക്ക് നഷ്ടമായതോടെയാണ് എന്‍ഡിഎ ഘടകക്ഷികളുടെ നിലപാട് നിര്‍ണായകായത്.എന്‍ഡിഎയ്ക്കൊപ്പം തുടരുമെന്നാണ് ടിഡിപിയും ജെഡിയുവും വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റു നാടകീയ നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും. 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. കോണ്‍ഗ്രസ് 99 സീറ്റുകളാണ് നേടിയത്. യുപിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍ഡിഎക്ക് തിരിച്ചടിയേറ്റു. മോദിയുടെ ഭൂരിപക്ഷത്തിനും വന്‍ ഇടിവുണ്ടായപ്പോള്‍ ഘടകക്ഷികളുടെ കനിവിലാണ് ഇക്കുറി ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നത്.
അമിത ആത്മവിശ്വാസത്തില്‍ 400 ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. 2014ലും, 2019ലും എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ച് കേവല ഭൂരിപക്ഷത്തിനപ്പുറവും സീറ്റ് നേടിയ മോദിയും ബിജെപിയും ഇക്കുറി ദുര്‍ബലമായി. 272 എന്ന മാന്ത്രിക സംഖ്യക്ക് അടുത്തെത്താന്‍ പോലും ബിജെപിക്കായില്ല. നാനൂറ് കടക്കുമെന്ന് പ്രഖ്യാപിച്ച മോദിക്ക് എന്‍ഡിഎയെ മുന്നൂറ് കടത്താന്‍ പോലും കഴിഞ്ഞില്ല. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ മോദി പിന്നിലായത് യുപിയിലെ ആകെയുള്ള പ്രകടനത്തിന്‍റെ ആദ്യ സൂചനയായിരുന്നു. കഴിഞ്ഞ തവണ 4,79000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുത്തനെ ഇടിഞ്ഞു.
കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് അവര്‍ പോലും പ്രതീക്ഷിക്കാത്ത സീറ്റുകള്‍ കിട്ടി. റായ്ബേറലിയിലെ രാഹുല്‍ ഗാന്ധിയുടെ നാല് ലക്ഷത്തോലം വരുന്ന രാഹുലിന്‍റെ ഭൂരിപക്ഷം മോദിയുടെ അംഗീകാരത്തെ വെല്ലുവിളിക്കുന്നതായി. അഖിലേഷ് യാദവും, ഭാര്യ ഡിംപിള്‍ യാദവും വന്‍ ഭൂരിപക്ഷം നേടി. എതിര്‍സ്ഥാനാര്‍ത്ഥിയായ കിഷോറിലാലിനെ പുച്ഛിച്ച് മത്സരിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വീണു. മേനക ഗാന്ധിയടക്കമുള്ള മറ്റ് പ്രമുഖരും തോറ്റു.
അയോധ്യ ക്ഷേത്രം രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കിയെങ്കില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലും ബിജെപി കാലിടറി വീണു. രാജസ്ഥാനിലെയും, ഹരിയാനയിലെയും കോട്ടകളില്‍ വിള്ളല്‍ വീണു. വടക്കേ ഇന്ത്യയില്‍ കുറഞ്ഞ സീറ്റുകള്‍ ബംഗാളിലും നേടാനായില്ല. മണിപ്പൂരില്‍ ബിജെപി ചിത്രത്തിലേയില്ലാതായി. തെക്കേ ഇന്ത്യയില്‍ വന്‍ ഭൂരിപക്ഷമുണ്ടാക്കാനുള്ള നീക്കവും പാളി. ഒഡീഷയിലെ വന്‍ വിജയം മാത്രമാണ് ഇന്ന് ആശ്വാസമായത്.
ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായതോടെ നിതീഷ് കുമാറിന്‍റെ ജെഡിയു, ചന്ദരബാബു നായിഡുവിന്‍റെ ടിഡിപി, ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന, ചിരാഗ് പാസ്വാന്‍റെ എല്‍ജെപി എന്നീ പാര്‍ട്ടികളുടെ സഹായത്തോടെ വേണം മോദിക്ക് ഭരിക്കാന്‍. ഈ നേതാക്കളെ റാഞ്ചാന്‍ ഇന്ത്യ സഖ്യവും ശ്രമിക്കുമ്പോള്‍ മോദിക്ക് പുതിയ സര്‍ക്കാര്‍ എന്നും സമ്മര്‍ദ്ദമായിരിക്കും. എല്ലാം തന്നില്‍ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയവും തിരുത്തേണ്ടി വരും. അന്താരാഷ്ട്ര തലത്തില്‍ മോദിക്കുള്ള സ്വീകാര്യതക്കും സഖ്യകക്ഷികളെ ആശ്രയിച്ചുള്ള ഭരണം ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ട്.