രാജ്യം കാത്തിരിക്കുന്ന വിധി നാളെ; രാവിലെ എട്ട് മുതൽ വോട്ടെണ്ണി തുടങ്ങും, പ്രതീക്ഷയോടെ ഇന്ത്യ സഖ്യവും എൻഡിഎയും

ദില്ലി: രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട്  ഇന്ത്യ സഖ്യവും, ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിയും നല്‍കിയ പരാതികളില്‍ കമ്മീഷന്‍ പ്രതികരിച്ചേക്കും. 

അതേസമയം, രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് കഴിഞ്ഞ ദിവസം എക്സിറ്റ് പോള്‍ ഫലങ്ങൾ പുറത്ത് വന്നത്. എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും, ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നു. ഇന്ത്യ സഖ്യം ഇരുനൂറ് കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയേക്കുമെന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. തെക്കേ ഇന്ത്യയിലും മികച്ച സാന്നിധ്യമായി ബിജെപി  മാറാമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. 

എൻഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ്  പ്രവചിക്കുന്നത്. എൻഡിഎ 362 മുതല്‍ 392 വരെ സീറ്റ് നേടുമെന്നാണ് ജൻകി ബാത് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 141 മുതല്‍ 161 സീറ്റ് വരെ നേടുമെന്നും ജൻകി ബാത് പ്രവചിക്കുന്നു. എൻഡിഎ 359 സീറ്റും ഇന്ത്യ സഖ്യം 154 സീറ്റും മറ്റുവള്ളവര്‍ 30 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക് ഭാരത് പി മാർക്ക് പ്രവചിക്കുന്നത്. എന്‍ഡിഎ 371 സീറ്റും ഇന്ത്യ സഖ്യം 125 സീറ്റും മറ്റുള്ളവര്‍ 47 സീറ്റും വിജയിക്കുമെന്ന് ന്യൂസ് എക്സും പ്രവചിക്കുന്നു. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp