‘രാജ്യങ്ങളുടെ മറു തീരുവയില്‍ നിന്ന് രക്ഷിക്കണേ’; മസ്‌ക് അഴിഞ്ഞാടുമ്പോള്‍ ട്രംപ് ഭരണകൂടത്തിന് ടെസ്ലയുടെ പേരില്ലാ കത്ത്

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയില്‍ നിന്ന് ട്രംപ് സര്‍ക്കാരിന് പേരില്ലാ കത്ത്. ട്രംപ് തുടങ്ങിവച്ച തീരുവ യുദ്ധത്തിനിടെ രാജ്യങ്ങള്‍ അമേരിക്കയ്ക്ക് തിരിച്ച് ഏര്‍പ്പെടുത്തുന്ന മറുതീരുവ കൊണ്ട് തങ്ങള്‍ പൊറുതിമുട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. താരിഫ് വര്‍ധന തങ്ങളുടെ കാര്‍ നിര്‍മാണത്തിന്റെ ചെലവ് വര്‍ധിപ്പിക്കുമെന്നും പിന്നീട് ഈ കാര്‍ ഓവര്‍സീസിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ അതിന് മറ്റ് ഇലക്ട്രിക് കാറുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയുണ്ടാകുമെന്നും കത്തിലൂടെ ടെസ്ല സൂചിപ്പിക്കുന്നു. എങ്ങനെയെങ്കിലും മറുതീരുവയുടെ ദുരിതങ്ങളില്‍ നിന്ന് തങ്ങളെ കരകയറ്റണമെന്ന അഭ്യര്‍ത്ഥനയാണ് കത്തിലുള്ളത്. യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറിനെ അഭിസംബോധന ചെയ്ത് മാര്‍ച്ച് 11നാണ് കത്ത് അയച്ചത്. ടെസ്ലയുടെ ലെറ്റര്‍ ഹെഡിലാണ് കത്ത് നല്‍കിയിരിക്കുന്നതെങ്കിലും കത്ത് തയ്യാറാക്കിയ ആളുടെ പേരോ സ്ഥാനമോ ഒപ്പോ കത്തിലില്ല. കത്തിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ടെസ്ല തയ്യാറായിട്ടുമില്ല. ട്രംപിന്റെ അസാധാരണമായ തീരുവ യുദ്ധത്തോട് മറ്റ് രാജ്യങ്ങളും അതേപടി പ്രതികരിക്കുന്നത് രാജ്യത്തെ കയറ്റുമതി കമ്പനികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് കത്തിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തങ്ങള്‍ ന്യായമായ തീരുവ വര്‍ധനവിനെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ പോലും തീരുവ വിഷയത്തിലെ ഈ അനിശ്ചിതത്വം കമ്പനികള്‍ക്ക് പ്രതികൂലമാണെന്ന് കത്തില്‍ പരാമര്‍ശമുണ്ട്.ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ വളരെ സൂക്ഷ്മമായി ഇടപെടുന്ന ട്രംപിന്റെ അടുത്ത അനുയായി ഇലോണ്‍ മസ്‌കിന്റെ കമ്പനിയില്‍ നിന്നാണ് ഈ കത്ത് എഴുതേണ്ടി വന്നത് എന്നത് ശ്രദ്ധേയമാണ്. പ്രകോപനപരമായ ഇത്തരം തീരുവ നയങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് ട്രംപ് ഭരണകൂടത്തോടുള്ള വളരെ വിനീതമായ അഭ്യര്‍ത്ഥനയാണിതെന്ന് ടെസ്ലയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ മാസം മുതല്‍ കാര്‍ ഇറക്കുമതിയ്ക്ക് ഗണ്യമായ തീരുവ ചുമത്താനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp