കേരളത്തിലെ മിൽമ പാലും കർണാടകത്തിലെ നന്ദിനി പാലുമായുള്ള പോര് മുറുകുന്നു. കേരളത്തിലെ നന്ദിനി പാൽ വില്പനയ്‌ക്കെതിരെ ദേശീയ ഡയറി ഡെവലപ്മെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ട്വന്റിഫോറിനോട് പറഞ്ഞു. നന്ദിനി പാൽ കർണാടകയുടെ പാലാണ്. കർണാടക ഗവൺമെന്റാണ് നേതൃത്വം നൽകുന്നത്.
മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോൾ വകുപ്പിന്റെ അനുമതി വാങ്ങണം. അതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച പാൽ മിൽമയുടേതാണ്. അന്യസംസ്ഥാന പാലിന് ശ്രദ്ധ കൊടുക്കേണ്ടതില്ല. അത് നല്ല പാലല്ല. അന്യസംസ്ഥാന പാൽ കുഞ്ഞുങ്ങളും സാധാരണക്കാരും ഉപയോഗിക്കാൻ പാടില്ലയെന്നും മന്ത്രി പറഞ്ഞു.
മിൽമയേക്കാൾ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുൽപന്നങ്ങളും കേരളത്തിൽ വിൽക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളിൽ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.
കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് അതിർത്തി കടന്നുള്ള പാൽ വിൽപന നന്ദിനി വർദ്ധിപ്പിച്ചത്. കൊച്ചിയിലും രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നന്ദിനി ഔട്ട്‌ലറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്.
നേരത്തെ രാജ്യത്തെ പാൽവിപണന രംഗത്തെ ഒന്നാമൻമാരായ അമുലിനെ കർണാടകത്തിൽനിന്ന് നന്ദിനി തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കൂടുതൽ സംസ്ഥാനങ്ങളിൽ ഔട്ട്ലെറ്റുൾ തുറക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും നന്ദിനി ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് നന്ദിനിയുടെ പാൽ വിൽപനയ്ക്കെതിരെ മിൽമ രംഗത്തെത്തിയിട്ടുണ്ട്. പാല്‍ ഒഴികെയുള്ള ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്നതിനെ മില്‍മ എതിർക്കുന്നില്ല. ക്ഷീരകര്‍ഷകര്‍ക്ക് ദോഷകരമായ നീക്കത്തില്‍നിന്ന് നന്ദിനി പിന്മാറണമെന്നും മില്‍മ ആവശ്യപ്പെട്ടു.