രാജ്യത്ത് അഞ്ച് എച്ച്എംപിവി കേസുകള്‍; ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം

ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത ഹ്യൂമന്‍ മെറ്റന്യുമോ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചതോടെ ജാഗ്രതയില്‍ രാജ്യം. രാജ്യത്ത് ഇതുവരെ അഞ്ചു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കര്‍ണാടക,തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈനയിലെ വൈറസ് വകഭേദമാണോ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നറിയാന്‍ പരിശോധന പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും അറിയിച്ചു. ആശങ്ക വേണ്ടെന്നും സാഹചര്യം നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രാലയം കേസുകളില്‍ അസാധാരണമായ വര്‍ധന ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.ഇന്ത്യയില്‍ ഈ വൈറസ് പുതിയതല്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വ്യക്തമാക്കിയിട്ടുണ്ട്. വായുവിലൂടെയാണ് എച്ച്എംപി വൈറസ് പകരുന്നത്. എല്ലാ പ്രായക്കാരിലും വൈറസ് ബാധയുണ്ടാകാം. ആരോഗ്യമന്ത്രാലയവും, ഐസിഎമ്മാറും എന്‍സിഡിസിയും ചൈനയിലെ വൈറസ് വ്യാപാരം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടന സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. WHO റിപ്പോര്‍ട്ട് ഉടന്‍തന്നെ തങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ രാജ്യം തയ്യാറാണെന്നും ജെപി നദ്ദ പറഞ്ഞു.

ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp