മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷൻ കമ്മീഷൻ. അതിഥി തൊഴിലാളികൾ അടക്കം ഉള്ളവർക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16 രാഷ്ട്രിയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയുടെ കരട് അടുത്തമാസം വിശദീകരിക്കും.
ഒരിന്ത്യ ഒരു തെരഞ്ഞെടുപ്പ് ആശയം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുകയാണ്. ഈ വിധത്തിൽ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ വോട്ടിംഗ് ശതമാനത്തിലും ഗണ്യമായ മാറ്റം ഉണ്ടാക്കാൻ സാധിയ്ക്കണം എന്ന് കമ്മീഷൻ കരുതുന്നു. വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ വോട്ട് സമാഹരിക്കാനായാൽ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരും. നിലവിൽ ഇതിനുള്ള തടസ്സം സ്വന്തം മണ്ഡലങ്ങളിലേക്ക് യാത്രചെയ്യാനുള്ള വോട്ടർമാരുടെ ബുദ്ധിമുട്ടാണ്.
ഈ സാഹചര്യത്തെ സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ പാകത്തിലുള്ള വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിക്കുക. സാങ്കേതികമായി ഇത്തരം ഒരു വോട്ടിംഗ് മെഷിനായുള്ള തയ്യാറെടുപ്പുകൾ കമ്മീഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. കരട്പദ്ധതി ഉടൻ അംഗീക്യത രാഷ്ട്രിയ പാർട്ടികളോട് വിശദീകരിക്കും. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിലെങ്കിലും ഇത്തരം വോട്ടിംഗ് മെഷിൻ ഉപയോഗിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.