രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മെഗ് ലാനിങ്

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരച്ച് ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിങ്. 31ആം വയസിലാണ് താരത്തിൻ്റെ തീരുമാനം. 13 വർഷം ക്രിക്കറ്റ് ജഴ്സിയണിഞ്ഞ താരം ഓസ്ട്രേലിയക്കായി 182 മത്സരങ്ങൾ കളിച്ചു. കരിയറിൽ 241 മത്സരങ്ങൾ കളിച്ച താരം വിമൻസ് ബിബിഎലിൽ മെൽബൺ സ്റ്റാഴ്സിൻ്റെയും വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്റ്റൻ്റെയും താരമാണ്. ഫ്രാഞ്ചൈസി കരിയറിൽ താരം തുടരും.

രാജ്യാന്തര കരിയറിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെങ്കിലും കൃത്യമായ തീരുമാനമാണെന്ന് ലാനിങ് വാർത്താകുറിപ്പിൽ പറഞ്ഞു. ടീമിനൊപ്പം നേടിയ നേട്ടങ്ങളിൽ അഭിമാനമുണ്ട്. കുടുംബത്തിനും ടീം അംഗങ്ങൾക്കും വിക്ടോറിയ ക്രിക്കറ്റിനും ക്രിക്കറ്റ് ഓസ്ട്രേലിയക്കും ആരാധകർക്കും നന്ദി അറിയിക്കുന്നു എന്നും താരം പറഞ്ഞു.

2010ൽ, 18ആം വയസിലാണ് ലാനിങ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2014ൽ ഓസീസ് ക്യാപ്റ്റനായി. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് ലാനിങ്. നാല് ടി-20 ലോകകപ്പ്, ഒരു ഏകദിന ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ എന്നീ നേട്ടങ്ങൾ ലാനിങിൻ്റെ നായകത്വത്തിൽ ഓസ്ട്രേലിയ നേടി.

കോമൺവെൽത്ത് ഗെയിംസിനു ശേഷം ലാനിങ് ക്രിക്കറ്റിൽ നിന്ന് 6 മാസത്തെ ഇടവേളയെടുത്തിരുന്നു. ഇതോടെ ഇംഗ്ലണ്ട്, അയർലൻഡ്, ഇന്ത്യ പര്യടനത്തിലൊന്നും താരം ഭാഗമായില്ല. വിക്കറ്റ് കീപ്പർ അലിസ ഹീലിയായിരുന്നു ഇടക്കാല ക്യാപ്റ്റൻ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp