രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധം തണുപ്പിക്കാതെ യൂത്ത് കോണ്‍ഗ്രസ്; ഇന്ന് കളക്ടറേറ്റ് മാര്‍ച്ച്

രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഇന്നും ശക്തമായ പ്രതിഷേധം തുടരും. എറണാകുളം, പാലക്കാട് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുക. രാഹുലിന് ജാമ്യം ലഭിക്കുന്നവരെ ചെറുതും വലുതുമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

വരുംദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും. ഇന്നലെ നടത്തിയ ക്ലിഫ്ഹൗസ് മാര്‍ച്ചില്‍ പൊലീസിനു നേരെ നേരിയതോതില്‍ കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെയും ഡിവൈഎഫ്‌ഐയുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് ബോര്‍ഡിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെളി വാരിയെറിയുകയും ചെയ്തിരുന്നു.

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തുകയായിരുന്നു ഇന്നലെ യൂത്ത് കോണ്‍ഗ്രസ്. വിടി ബല്‍റാമിന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് നടത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമരജ്വാലയില്‍ പങ്കൈടുക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയതെങ്കിലും കല്ലു വടിയും എറിഞ്ഞ് പൊലീസുകാരെ പ്രകോപിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ തീപ്പന്തം സ്ഥാപിക്കുകയും മുഖ്യമന്ത്രിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി ജനുവരി 17ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ മാസം 22വരെ രാഹുല്‍ റിമാന്‍ഡിലാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp